2014, ഏപ്രിൽ 16, ബുധനാഴ്‌ച

ആച്ചൂക്കാവ് ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രം ചുരുക്കത്തില്‍

രാജ ഭരണകാലത്ത് കീഴ്‌കോയിക്കല്‍ എന്നറിയപ്പെട്ടിരുന്ന തീക്കോയി ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കു കിഴക്കാണ് ആച്ചുക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആലപ്പട്ടാര്‍ എന്ന ജന്മിയുടെ വകയായിരുന്നു ഈ പ്രദേശം മുഴുവനും എന്തിനും അധികാരമുണ്ടായിരുന്ന ആലപ്പട്ടാരുടെ അധീനതയിലമര്‍ന്നിരുന്ന ഇവിടെ നിയമവാഴ്ച അവര്‍ തീരുമാനിക്കുന്നതായിരുന്നു. മാറ് മറയ്ക്കാനും മുട്ടു മറയുന്ന വസ്ത്രം ധരിക്കാനും അവകാശം ഇല്ലാതിരുന്ന താഴ്ന്ന ജാതിക്കാരായ ആയിരങ്ങള്‍ ഈ കുടുംബത്തിനു വേണ്ടി വേല ചെയ്തിരുന്നു. ആലപ്പാട്ട് കുടുംബം വക ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും തീക്കോയിയുടെ പരിസരപ്രദേശങ്ങളിലുണ്ട് ടൗണിന്റെ പടിഞ്ഞാറു വശത്തും പെരിയത്തുകണ്ണം എന്ന സ്ഥലത്തും ക്ഷേത്രത്തിന്റെ വടക്കുപുറത്തുള്ള മടിക്കാങ്കലും ഇത്തരം അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നിടത്താണ് ആലപ്പട്ടാരുടെ കൊട്ടാരം ഉണ്ടായിരുന്നത്, പ്രകൃതിക്ഷോഭവും രാജാക്കന്‍മാരുടെ പടയോട്ടവും കൊള്ളക്കാരുടെ ശല്യവും കാരണം അനേകമാളുകള്‍ ചത്തൊടുങ്ങുകയും ശേഷിച്ചവര്‍ പ്രാണരക്ഷാര്‍ത്ഥം ദൂര ദിക്കുകളിലേക്ക് കുടിയേറുകയും ചെയ്തു.അന്യാധീനപെട്ടുപോയ ആലപ്പാട്ടു പ്രദേശം കാടുകയറി കാട്ടുജന്തുക്കളുടെ വാസ സ്ഥലങ്ങളായിതീരുകയും ചെയ്തു. ആലപ്പാട്ട് കുടുംബത്തിലെ വംശപരമ്പരയില്‍പെട്ട പുതിയാത്ത്,പാറയ്ക്കല്‍,ഇടവഴിക്കല്‍,താന്നിക്കല്‍, എന്നീ കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. കാലങ്ങള്‍ക്കുശേഷം ആലപ്പാട്ട് കുടുംബത്തിലെ ഒരംഗം അവകാശഭൂമിയിലെത്തി വനം തെളിച്ച് കൃഷി ഇറക്കി. നിത്യ ബ്രഹ്മചാരിയും ദേവീഭക്തനുമായിരുന്ന അദ്ദേഹം നേരം വെളുക്കാറായിയെന്ന കണക്കുകൂട്ടലില്‍ വാസസ്ഥലമായ തലപുരത്തുനിന്ന് കൃഷിയിടത്തിലേക്ക് നടന്നു, ഏറെനേരം നടന്നിട്ടും പ്രഭാതമാവാതെ വന്നപ്പോള്‍ അസ്വസ്ഥനാവുകയും വളരെപെട്ടെന്നുണ്ടായ കാറ്റും മഴയും കണ്ടു ഭയക്കുകയും ചെയ്തു. ഈ സമയം തന്റെ കയ്യിലുണ്ടായിരുന്ന വിളക്ക് അണഞ്ഞുപോയി. കൊടും കാട്ടിലെ കൂരിരുട്ടില്‍ അദ്ദേഹം തന്റെ ആരാധനാമൂര്‍ത്തിയായ ദേവിയെ വിളിച്ചു കരഞ്ഞപേക്ഷിച്ചു. താമസിയാതെ പ്രഭാതമായി, ആരോ അപ്പൂപ്പാ എന്നു വിളിക്കുന്നതു കേട്ട് നോക്കിയ അദ്ദേഹം മുമ്പില്‍ സുന്ദരിയായ ഒരു കൊച്ചു പെണ്‍കുട്ടിയെയാണ് കണ്ടത് എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അറിയില്ലെന്നു പറഞ്ഞ ആ പെണ്‍കുട്ടിയെ അദ്ദേഹം തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാ ജോലികളും ചെയ്തുകൊള്ളാം എന്നാല്‍ ആരാണെന്നുമാത്രം ചോദിക്കരുതെന്ന വ്യവസ്ഥയില്‍ അവള്‍ അദ്ദേഹത്തിന്റെ കൂടെപോയി. എച്ചില്‍ എടുക്കുകയില്ലെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു, തന്നെ പരീക്ഷിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു, അദ്ദേഹം അതൊക്കെ സമ്മതിച്ചു. വീട്ടിലെത്തി താമസം തുടങ്ങി, എല്ലാ ദിവസവും വെറ്റില മുറുക്കുന്ന ശീലമുള്ള കാരണവര്‍ക്ക് പെണ്‍കുട്ടി എന്നും നല്ല തളിര്‍ വെറ്റില തന്നെ പറിച്ചു കൊടുക്കുമായിരുന്നു. മാനം മുട്ടെ ഉയരമുള്ള പാലമരത്തിന്റെ നെറുകയില്‍ പടര്‍ന്നു കിടക്കുന്ന വെറ്റിലചെടിയില്‍ നിന്നും നിലത്തുനിന്നും പാലമരത്തോളം ഉയരത്തില്‍ വളര്‍ന്ന് ഒരുകാല്‍ മരത്തില്‍ ചവിട്ടിനിന്ന് അവള്‍ വെറ്റില പറിക്കുന്നതു കണ്ട കാരണവര്‍ ആശ്ചര്യപെട്ടുപോയി.
അദ്ദേഹം അവളോട് ചോദിച്ചു, മോളേ നീ ആരാണ്? ഇതോടെ നമ്മള്‍ തമ്മിലുള്ള കരാര്‍ ലംഘിക്കപ്പെട്ടുവെന്ന് പറഞ്ഞ് അവള്‍ പോകാനൊരുങ്ങി, അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഞാന്‍ ആദിപരാശക്തിയുടെ അവതാരമായ ഭദ്രയാണ് എന്നായിരുന്നു ഉത്തരം, ആണ്ടിലൊരിക്കല്‍ തന്നെക്കാണാന്‍ വരണമെന്നാവശ്യപ്പെട്ട് ബാലിക കൊട്ടാരത്തിന്റെ മുറിതുറന്ന് അകത്തുകയറി വാതിലടച്ചു. പിന്നീട് വര്‍ഷത്തിലൊരിക്കല്‍ ആലപ്പാട്ട് തറവാട്ടിലെ അവകാശികളാരെങ്കിലും കൊട്ടാരത്തിലെത്തി മുറികള്‍ തുറന്ന് പൂജകള്‍ നടത്തിപ്പോന്നു. കാലങ്ങള്‍ക്കുശേഷം ഇംഗ്ലീഷുകാര്‍ ഇവിടെയെത്തി തെയിലകൃഷിയും പിന്നീട് റബ്ബര്‍ കൃഷിയും ആരംഭിച്ചു. നടയ്ക്കല്‍,പനച്ചികപ്പാറ,തിടനാട്,കൊണ്ടൂര്‍,ഇടമറ്റം,ഭരണങ്ങാനം,തലപ്പുലം,ഇടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ധാരാളം ആളുകള്‍ ഇങ്ങോട്ടു കുടിയേറി അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് അക്കാലത്തെ പ്രസിദ്ധ ജോത്സ്യന്‍ കൊണ്ടൂര്‍ ചക്രപാണിയെക്കൊണ്ട് പ്രശ്‌നം വയ്പിക്കുകയും പ്രശ്‌നവിധിപ്രകാരം കൊട്ടാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ ചൈതന്യം കൊട്ടാരം പൊളിച്ചുകളഞ്ഞ് ക്ഷേത്രം പണിത് അതില്‍ കണ്ണാടി വിഗ്രഹത്തിലാവാഹിച്ചു പ്രതിഷ്ടിക്കുകയും ചെയ്തു 1977 ജനുവരി രണ്ടാം തീയതി തീക്കോയിയിലെ ശ്രീനാരായണീയര്‍ ഒത്തുചേര്‍ന്ന് എസ് എന്‍ ഡി പി ശാഖ രൂപവത്കരിക്കുകയും എസ് എന്‍ ഡി പി യോഗത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.  
                                       


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ